‘സസ്‌പെന്‍ഷന് പിന്നില്‍ നടന്നത് പുറത്തുവിടും ‘; ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ പ്രശാന്ത്

തിരുവനന്തപുരം:വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെയാണ് പുതിയ പോസ്റ്റ്. എ. ജയതിലകിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിരക്ഷ ലഭിക്കുന്നു. തന്റെ സസ്‌പെന്‍ഷന് പിന്നില്‍ നടന്നത് പുറത്ത് വരുമെന്നും എന്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിവരാവകാശ പ്രകാരം ഫയല്‍ ലഭിച്ചുവെന്നും ഫയല്‍ തിരുത്തിയതാരെന്ന് പുറത്തുവരും എന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്.

‘ഫേസ്ബുക്കില്‍ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഉപദ്രവിക്കും’എന്ന പ്രത്യേക പവര്‍.
മറ്റൊരു തൊഴില്‍ മേഖലയിലും ലഭിക്കാത്ത ‘തിരുവായ്ക്ക് എതിര്‍ വായില്ലായ്മ’ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? ഫയലില്‍ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആര്‍ജ്ജവം, ഇതൊക്കെ ഫയലില്‍ വാരിവിതറുന്നതെങ്ങനെ എന്ന് ഫയല്‍ കുറിപ്പുകളിലൂടെ കാണാം! ആരാണീ ഭരണസംവിധാനമെന്ന ബ്ലാക് ബോക്‌സില്‍ ഒളിച്ചിരുന്ന് യഥാര്‍ത്ഥ തീരുമാനങ്ങള്‍ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്? ഒരു സര്‍ക്കാര്‍ ഫയലിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയാല്‍ എങ്ങനെ അത് മനസ്സിലാക്കാം എന്നും പറയാം. സാധരണക്കാര്‍ നിത്യേന നേരിടുന്ന അധികാര ദുര്‍വ്വിനിയോഗം പ്രോമാക്‌സിനെ എങ്ങനെ വ്യക്തിഗത ഉത്തരവാദിത്തത്തിലേക്ക് നിയമപരമായി എത്തിക്കാം?

വെറുമൊരു ഗുമസ്തനാം എന്നെ സസ്‌പെന്റ് ചെയ്ത ഫയലിലെ വിവരങ്ങളില്‍ എന്ത് പൊതുതാല്‍പര്യം? എന്നാല്‍, ഫയലിലെ താളുകള്‍ കാണണം എന്ന് ഒരാള്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍, നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ മാത്രം, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും ഇവിടെ പൊതുജനസമക്ഷം വെക്കാം. പക്ഷേ, നിര്‍ബന്ധിക്കണം.

NB: ഒരു കാരണവശാലും ഇതൊന്നും പൊതുജനം അറിയല്ലേ, നാറ്റിക്കല്ലേ എന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ഒരു നിര്‍ബന്ധവും ഇല്ല’ എന്ന് രേഖപ്പെടുത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *