മുനമ്പം ഭൂമി തർക്കം കത്തുന്നു; വഖഫ് ബോർഡിനെയും സർക്കാരിനെയും വിമർശിച്ച് ദീപിക മുഖപ്രസംഗം

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക മുഖപത്രമായ ‘ദീപിക’യുടെ മുഖപ്രസംഗം. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് മുനമ്പം പ്രശ്നം “10 മിനിറ്റിൽ പരിഹരിക്കാം” എന്ന് നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് മുഖപ്രസംഗം രംഗത്തെത്തിയത്.

മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് മുഖപ്രസംഗത്തിൽ ഉയരുന്നത്. തങ്ങളുടേതെന്ന് കരുതുന്ന ഏത് സ്വത്തും വഖഫ് നിയമങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്താൻ കഴിയുന്ന സാഹചര്യം രാജ്യത്തിന്റെ മതേതര ഘടനയ്ക്ക് തന്നെ ഭീഷണിയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

വഖഫ് ബോർഡിന്റെ നടപടി മുനമ്പത്തെ 610 കുടുംബങ്ങളെയും മതേതര കേരളത്തെയും തുറന്ന വെല്ലുവിളിയാണെന്നും ആരോപണമുണ്ട്. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനവും സ്ഥലമേറ്റെടുപ്പും റദ്ദാക്കിയ നടപടിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, “സർക്കാർ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളും റദ്ദാക്കാനാകില്ലേ?” എന്ന ചോദ്യവും മുഖപ്രസംഗം ഉയർത്തുന്നു.

“നീതിക്കുപോലും മതം തടസമാണോ” എന്ന കടുത്ത പരാമർശവും മുഖപ്രസംഗത്തിലുണ്ട്. മുനമ്പത്ത് സ്ഥാപിച്ചിരിക്കുന്ന വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന ആഹ്വാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

2025-ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനമ്പത്തുകാരുടെ അനുകൂലമായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വഖഫ് ബോർഡിന്റെ ‘ഉമീദ്’ വിജ്ഞാപനം പിൻവലിക്കണമെന്നും മുനമ്പത്തെ വഖഫ് കുറ്റികൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. മുനമ്പം വിഷയം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ‘ദീപിക’യുടെ പരസ്യ വിമർശനം ശ്രദ്ധേയമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button