ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായക സ്ഥാനത്തേക്ക് ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി മടങ്ങിയെത്തുന്നു. ചെന്നൈയുടെ സ്ഥിരം നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെയാണ് എംഎസ് ധോണി ടീമിനെ നയിക്കാന്‍ തിരികെയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആയിരിക്കും നായകസ്ഥാനത്തേക്കുള്ള തലയുടെ മടക്കം.
ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റിരുന്നു. രാജസ്ഥാന്‍ ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തിലാണ് റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റത്. വലത് കൈത്തണ്ടയിലാണ് ദേശ്പാണ്ഡെയുടെ ഏറ് കൊണ്ടത്. റുതുരാജ് ഗെയ്ക്‌വാദിന് അടുത്ത മത്സരത്തില്‍ കളിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പകരം നായകനായി ധോണി എത്തുന്നത്.നെറ്റ്സിലെ പരിശീലനത്തിലെ റുതുരാജിന്റെ പ്രകടനം നോക്കിയേ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി പ്രതികരിച്ചത്.
താരത്തിന് പകരം ചെന്നൈക്ക് മറ്റ് ക്യാപ്റ്റന്‍സി ഓപ്ഷനുകളൊന്നുംതന്നെയില്ല. ഇതോടെ താരം കളിക്കാന്‍ ഫിറ്റ് അല്ലെങ്കില്‍ ധോണി തന്നെ മത്സരത്തില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ടീമിനെ ഉദ്ധരിച്ച് പുറത്തുവന്നത്.അതേസമയം സീസണില്‍ ചെന്നൈയുടെ മോശം പ്രകടനം തുടരുകയാണ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കളിയില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. മുംബയ്‌ക്കെതിരെ അവസാന ഓവറില്‍ വിജയിച്ച സിഎസ്‌കെ പക്ഷേ റോയല്‍ ചലഞ്ചേഴ്‌സ ബംഗളൂരുവിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോല്‍വി വഴങ്ങിയിരുന്നു.