ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗാസിയാബാദ് ലോണി സ്വദേശികളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. താമസിക്കുകയായിരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ 9-ാം നിലയിൽ നിന്നുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ ഡയറിക്കുറിപ്പിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഞങ്ങളെക്കൊണ്ട് കൊറിയയെ ഉപേക്ഷിപ്പിക്കാൻ നിങ്ങൾക്കെങ്ങനെയാണ് സാധിക്കുക? കൊറിയ ഞങ്ങളുടെ ജീവനാണ്. എങ്ങനെയാണ് ഞങ്ങളുടെ ജീവൻ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക? ഞങ്ങൾ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയില്ല. ഇപ്പോൾ നിങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുണ്ടാവും. കൊറിയയും കെ പോപ്പുമാണ് ഞങ്ങളുടെ ജീവനെന്ന് നമുക്കിപ്പോൾ മനസിലായി.

കൊറിയൻ നടനെയും കെ പോപ്പ് ഗ്രൂപ്പിനെയും സ്‌നേഹിച്ച അത്രയും ഞങ്ങൾ നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.നിങ്ങൾ അവൾക്ക് (ദേവു, മറ്റൊരു സഹോദരി) ഞങ്ങൾ ഏറെ വെറുത്തിരുന്ന ബോളിവുഡിനെ പരിചയപ്പെടുത്തി. ഞങ്ങൾക്കത് വലിയ വിഷമമായി. അതിനാൽ ഞങ്ങൾ ദേവുവിനെ ശത്രുവായി കണ്ടു. ഞങ്ങളെപ്പോലെ അവളെയും ആക്കാൻ ആരും അനുവദിച്ചില്ല.

അതിനാൽഅവളെ ഞങ്ങൾ അകറ്റി. ഞങ്ങൾ കൊറിയനും കെ പോപ്പുമാണെന്നും നീ ഇന്ത്യനും ബോളിവുഡുമാണെന്നും ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് കൊറിയനെയാണിഷ്ടം. എന്നാൽ ഞങ്ങളെ ഇന്ത്യക്കാരനെകൊണ്ട് കല്യാണം കഴിപ്പിക്കാൻ നിങ്ങൾ നോക്കി. അതിനാലാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്’- എന്നിങ്ങനെയാണ് ഡയറിക്കുറിപ്പിൽ പറയുന്നത്.കൊവിഡ് കാലത്ത് പെൺകുട്ടികൾ ‘ഞങ്ങൾ ഇന്ത്യക്കാരല്ല’ എന്ന ‘കൊറിയൻ പ്രണയ’ ഗെയിം കളിച്ചുതുടങ്ങിയിരുന്നു.

ടാസ്‌ക്കുകൾ നൽകുന്ന തരത്തിലെ ഗെയിമായിരുന്നു അത്. അതിൽ അവസാനത്തെ ടാസ്‌ക് ആത്മഹത്യ ചെയ്യുന്നതാണെന്നാണ് പൊലീസ് കരുതുന്നത്. പെൺകുട്ടികളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലെ പേരുകളും കൊറിയൻ ആയിരുന്നു. മറിയ, അലിസ, സിൻഡി എന്നീ പേരുകളായിരുന്നു ഇവർ നൽകിയിരുന്നത്. ഇവർക്ക് അനേകം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ഇതറിഞ്ഞ പിതാവ് ചേതൻ കുമാർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു.

കുടുംബത്തിന് രണ്ട് കോടിയോളം രൂപയുടെ കടമുണ്ടായിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നില്ല. അടുത്തിടെ ചേതൻ കുമാർ വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി ഫോൺ വിറ്റു. ഇതും പെൺകുട്ടികളുടെ മരണത്തിലേയ്ക്ക് നയിച്ചിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *