പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നു,  ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ആദ്യ സമ്മേളനം

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ പാർലമെൻ്റ് സമ്മേളിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിനാണ് പാർലമെൻ്റ് വേദിയാകുന്നത്. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം 16 പ്രതിപക്ഷ കക്ഷികൾ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു

അതേസമയം പഹൽഗാം ഭീകരാക്രമണത്തെ തു‍ടർന്ന് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷൻ സിന്ദൂ‍ർ സംബന്ധിച്ചു മൺസൂൺ സമ്മേളനത്തിൽ വിപുലമായ ചർച്ച നടക്കുമെന്ന് ഉറപ്പാണ്. ഇന്ത്യ – പാകിസ്താൻ വെടിനിർത്തൽ കരാ‍റിന് പിന്നിലെ യുഎസ് അവകാശവാദം സംബന്ധിച്ചു ചൂടേറിയ ചർച്ചയ്ക്കും പാ‍ർലമെൻ്റ് വേദിയാകും. പാകിസ്താനെതിരായ ആക്രമണത്തിൽ ഇന്ത്യയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ചോദ്യവും പ്രതിപക്ഷം വീണ്ടും ഉയ‍ർത്തിയേക്കാം.

പാകിസ്താനുമായുള്ള വെടിനിർത്തൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് മോദിയെ വിളിച്ചു എല്ലാ നിർത്താൻ ആവശ്യപ്പെട്ടുവെന്ന് മോദി ഇത് അക്ഷരംപ്രതി അനുസരിച്ചുവെന്നുമാണ് രാഹുലിൻ്റെ ആരോപണം. ‘നരേന്ദ്രാ കീഴടങ്ങൂ’ എന്ന് ട്രംപ് പറഞ്ഞ് ‘ശരി സർ’ എന്ന് മോദി പറഞ്ഞുവെന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. രാഹുലിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *