യു എൻ വാർഷിക സമ്മേളനം; പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ല

വാഷിംഗ്ടണ്‍: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ അധികതീരുവ ചുമത്തിയ അമേരിക്കൻ നിലപാടിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ നടക്കുന്ന യു എൻ വാർഷിക സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാവും ഇന്ത്യയെ പ്രതിനിധികരിക്കുക. സെപ്തംബർ 23 മുതൽ 29വരെയാണ് യുഎൻ സമ്മേളനം.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മോദി നേരത്തെ അറിയിച്ചിരുന്നതിനാൽ പ്രാസംഗികരുടെ പട്ടികയിൽ ഡോണൾഡ് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. സെപ്തംബർ 26നാണ് മോദിയുടെ പ്രസംഗം ഷെഡ്യൂള്‍ ചെയ്തിരുന്നത്. അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന അധിക തീരുവമായി ബന്ധപ്പെട്ട് ഇന്ത്യ-അമേരിക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിലേയ്ക്ക് പോകുന്നില്ലെന്ന മോദിയുടെ തീരുമാനമെന്നതാണ് ശ്രദ്ധേയം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ സമ്മർദ്ദം ഇന്ത്യ അവഗണിച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ്റെ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന-റഷ്യ ത്രികക്ഷി ബന്ധം ശക്തമാകുമെന്ന സൂചനയും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കയിൽ നടക്കുന്ന യു എൻ വാർഷിക സമ്മേളനത്തിൽ മോദി പങ്കെടുക്കില്ലെന്ന സൂചനകൾ പുറത്ത് വരുന്നത്.
ഇതിനിടയിൽ വീണ്ടും ഇന്ത്യയോടുള്ള നിലപാടിൽ മലക്കംമറിഞ്ഞിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും ഇപ്പോൾ ഇരുണ്ട ചൈനയ്ക്കൊപ്പമാണെന്ന് പരിഹസിച്ച ട്രംപ് മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ഇന്ത്യ യുഎസ് ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നായി തുടരുമെന്നും പ്രസ്താവന നടത്തി. പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദം തുടരുമെന്നും അദ്ദേഹം മഹാനായ പ്രധാനമന്ത്രിയാണെന്നും പറഞ്ഞ ട്രംപ് മോദി ചില സമയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകൾ തനിക്ക് ഇഷ്ടമാകാറില്ലെന്നും പറഞ്ഞു. എന്നാലും ഇന്ത്യയ്ക്കും യുഎസിനുമിടയിൽ നല്ല ബന്ധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ യുഎസുമായി ചർച്ചയ്ക്ക് തയ്യാറാവുമെന്നും അവർ ക്ഷമാപണം നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചേർന്ന് പുതിയ വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്നിക്ക് അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളുമായി കൊമ്പുകോർക്കുക എന്നത് ധീരമായ ഒരു നടപടിയാണ്. പക്ഷേ അവസാനം വ്യാപാരത്തിന് അമേരിക്കയുമായി ഒരു കരാർ അത്യാവശ്യമായി വരുമെന്ന് ഇന്ത്യയെ ലക്ഷ്യംവച്ച് ലുട്ട്നിക്ക് പറഞ്ഞു.