ഗുജറാത്ത് തീരത്ത് വൻ അപകടം; ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു, 21 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു

കാണ്ഡ്‌ല: ഗുജറാത്തിലെ കാണ്ഡ്ല തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച് അപകടം. എം.വി. കെമാക്സ് എംപറർ എന്ന ചരക്കുകപ്പലും എം.വി. ട്രൂ മറൈനർ എന്ന കപ്പലുമാണ് കൂട്ടിയിടിച്ചത്. കാണ്ഡ്‌ലയിലെ ഔട്ടർ ആങ്കറേജ് ഒടിബി മേഖലയിൽ വച്ചായിരുന്നു അപകടം. കപ്പലുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കെമാക്സ് എംപറർ എന്ന കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടത്തെ തുടർന്ന് കടലിൽ മലിനീകരണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.

തുടർനടപടികൾക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, കേന്ദ്ര ഏജൻസികൾ, ഗുജറാത്ത് സംസ്ഥാന ഭരണകൂടം എന്നിവരുമായി കോസ്റ്റ് ഗാർഡ് ഏകോപിച്ച് പ്രവർത്തിക്കുകയാണ്. കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുജറാത്തിന്റെ തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ജാഗ്രത തുടരുകയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button