ബോർഡ് പകർത്താൻ വൈകി; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം, അധ്യാപകനെതിരെ കേസ്

കണ്ണൂർ: രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂരിലാണ് സംഭവം. പട്ടാന്നൂർ യുപി സ്കൂളിലെ അദ്ധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടി അദ്ധ്യാപകൻ മർദ്ദിച്ചതായി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ ഇത് കാര്യമായെടുത്തില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിക്ക് പുറംവേദന അനുഭവപ്പെട്ടതോടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കുശേഷം കുട്ടിയുടെ ശരീരത്തിൽ ചതവുകളും നീർക്കെട്ടുമുണ്ടെന്ന് ഡോക്ടർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചു.ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇവർ നൽകിയ വിവരവും മാതാപിതാക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ക്ളാസിൽവച്ച് അദ്ധ്യാപകൻ ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയതിനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ ചെവിയിലും മുറിവുണ്ട്.



