മകൾ അവന്തികയുടെ വിവാഹത്തിന് വിജയ്ക്ക് ക്ഷണം നൽകി ഖുശ്ബു; കുടുംബസമേതം ചെന്നൈയിലെ വസതിയിലെത്തി

ചെന്നൈ: മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ Vijayയെ നേരിൽ കണ്ട് ക്ഷണിച്ച് തെന്നിന്ത്യൻ സിനിമാതാരവും ബിജെപി നേതാവുമായ Khushbu Sundar. ചെന്നൈയിലെ വിജയ്യുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബാംഗങ്ങളും വിവാഹ ക്ഷണക്കത്ത് കൈമാറിയത്.
ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ Sundar C, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.
വിജയ്യെ “പ്രിയപ്പെട്ട സഹോദരൻ” എന്ന് വിശേഷിപ്പിച്ച ഖുശ്ബു, കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ദിവസങ്ങളിലൊന്നാണ് ഇതെന്ന് കുറിച്ചു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും വിജയ് പതിവുപോലെ സ്നേഹത്തോടെയും ഊഷ്മളതയോടെയും സ്വീകരിച്ചതായും അദ്ദേഹം പങ്കുവെച്ചതായി ഖുശ്ബു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം, ഖുശ്ബുവിന്റെ മൂത്തമകൾ അവന്തിക സിനിമാരംഗത്തേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. Aarambham എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തിക അഭിനയരംഗത്തേക്ക് എത്തുന്നത്. Sujesh Ani Eapen സംവിധാനം ചെയ്യുന്ന ചിത്രം Studio Bellarouh ആണ് നിർമ്മിക്കുന്നത്.
വിവാഹ ഒരുക്കങ്ങൾക്കും സിനിമാ അരങ്ങേറ്റത്തിനും ഇടയിൽ അവന്തിക ശ്രദ്ധനേടുമ്പോൾ, വിജയ്ക്ക് നേരിട്ട് വിവാഹ ക്ഷണം നൽകാനെത്തിയ ഖുശ്ബുവിന്റെ കുടുംബസന്ദർശനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.



