കേരളം പൊരുതുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം, സൽമാൻ നിസാറും ആദിത്യ സർവാതെയും പുറത്ത്

0

നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വീണ്ടും പ്രതിസന്ധി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ് കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാൾ 160 റൺസ് പിന്നിലാണ് കേരളം. അർദ്ധ സെഞ്ച്വറി നേടിയ ആദിത്യ സർവാതെയുടെയും സൽമാൻ നിസാറിന്റെയും വിക്കറ്റുകളാണ് മൂന്നാം ദിനത്തിലും കേരളത്തിന് നഷ്ടമായത്. സൽമാൻ നിസാർ പുറത്തായതിനു പിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.

അതേസമയം, അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി 52 റൺസുമായി ക്രീസിലുണ്ട്. മൂന്നുവിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്‌കോർ 170ൽ എത്തിയപ്പോഴാണ് സർവാതെയെ നഷ്ടമായത്. 185 പന്തിൽ നിന്ന് 10 ബൗണ്ടറിയടക്കം 79 റൺസെടുത്ത താരത്തെ ഹർഷ് ദുബെ പുറത്താക്കുകയായിരുന്നു.ദുബെയുടെ ഫ്‌ളൈറ്റഡ് ഡെലിവറി ഫ്രണ്ട് ഫൂട്ടില്‍ ഡിഫന്‍ഡ് ചെയ്യാനുള്ള സര്‍വാതെയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റിൽ തട്ടി ഉയർന്ന പന്ത് ഡാനിഷ് മാലേവര്‍ അനായാസം കൈക്കലാക്കുകയായിരുന്നു. വിദർഭയെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസിന് കേരളം പുറത്താക്കിയിരുന്നു. ഓപ്പണർമാരായ അക്ഷയ് ചന്ദ്രൻ (14), രോഹൻ കുന്നുമ്മൽ (0), അഹമ്മദ് ഇമ്രാൻ (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നേരത്തേ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here