കേരളകൗമുദിയുടെ ശ്രമം വിജയിച്ചു; വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ പരാജയം വിനയപൂർവ്വം അംഗീകരിക്കുന്നതായി മുൻ മന്ത്രി Kadakampally Surendran പറഞ്ഞു. 428 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയം സംഭവിച്ചതെന്നും വിജയിച്ച V. Muraleedharanക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം ജനപ്രതിനിധിയായി പ്രവർത്തിക്കാൻ കഴക്കൂട്ടം ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി കടകംപള്ളി പറഞ്ഞു. ഈ കാലയളവിൽ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കാനും സാധാരണക്കാരായ ആളുകൾക്ക് താങ്ങും തണലുമാകാനും കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് പണാധിപത്യത്തിന്റെയും വ്യാജപ്രചരണങ്ങളുടെയും വലിയ ഒഴുക്കാണ് മണ്ഡലത്തിൽ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേമപെൻഷൻ നൽകുന്നത് ബിജെപിയുടെ ‘താമര’ ആണെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ മുതൽ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ച നീക്കങ്ങൾ വരെ നടന്നുവെന്ന് കടകംപള്ളി പറഞ്ഞു.
കരിക്കകം ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കവെ ഇഫ്താർ വിരുന്നിനെക്കുറിച്ച് സംസാരിക്കുന്നതായി വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നും, ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജ കഥകൾ സൃഷ്ടിച്ചെന്നും അദ്ദേഹം ആരോപിച്ചു. നാല് വോട്ടുകളുള്ള ഒരു വീട്ടിൽ പോലും ഒന്നര ലക്ഷം രൂപ വിലവരുന്ന സഹായങ്ങൾ വിതരണം ചെയ്ത പണാധിപത്യ രാഷ്ട്രീയത്തെയാണ് നേരിടേണ്ടി വന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
ഇതിനൊപ്പം Kerala Kaumudi സ്വീകരിച്ച നിലപാടുകളെയും കടകംപള്ളി രൂക്ഷമായി വിമർശിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച നടപടിയാണ് വിജയിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
വ്യാജപ്രചരണങ്ങളുടെയും പണക്കൊഴുപ്പിന്റെയും ഇടയിലും തനിക്കൊപ്പം ഉറച്ചുനിന്ന 46,136 വോട്ടർമാർക്കും കഴിഞ്ഞ രണ്ട് മാസക്കാലം തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത എൽഡിഎഫ്, സിപിഐഎം പ്രവർത്തകർക്കും നന്ദി അറിയിച്ച കടകംപള്ളി, ജനങ്ങൾക്കൊപ്പം തന്റെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.



