ഒന്നാം പിറന്നാളിന് രണ്ടുദിവസം മാത്രം ബാക്കി; ബലൂൺ അന്നനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

വാഷിംഗ്‌ടൺ: ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബലൂൺ തൊണ്ടയിൽക്കുടുങ്ങി കുഞ്ഞ് മരിച്ചു. അമേരിക്കയിലെ വിസ്‌കോൺസിനിലാണ് സംഭവം. മൃഗത്തിന്റെ ആകൃതിയിലുള്ള ബലൂൺ പൊട്ടി കുഞ്ഞിന്റെ അന്നനാളത്തിൽ കുടുങ്ങുകയായിരുന്നു.
തുടർന്നുണ്ടായ ശ്വാസതടസം മൂലമാണ് കുഞ്ഞ് മരണപ്പെട്ടത്. ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും അതിനാൽ ശ്രദ്ധ വേണമെന്നും കുഞ്ഞിന്റെ അമ്മയായ കിൽ അവിറ്റ വിൽസൺ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഒക്‌ടോബർ 24നാണ് എന്റെ 11 മാസം പ്രായമുള്ള മകൻ ഡോൺ മരിച്ചത്. ഞങ്ങൾ സ്‌നേഹത്തോടെ അവനെ ബേബി ഡോൺ എന്നാണ് വിളിച്ചിരുന്നത്. പിറന്നാളിന് വെറും രണ്ട് ദിവസം ബാക്കിനിൽക്കെയായിരുന്നു അപകടം. കുഞ്ഞിൽ നിന്ന് അകറ്റിയാണ് ഞങ്ങൾ ബലൂൺ കെട്ടിയിരുന്നത്. പക്ഷേ, അതിലൊന്ന് അഴിഞ്ഞുപോയി. അവൻ അത് കയ്യിലെടുത്ത് കടിച്ചു.
ഇതിനിടെ ബലൂണിന്റെ കെട്ടിയ ഭാഗം കുഞ്ഞിന്റെ അന്നനാളത്തിന്റെ ഭാഗത്തേക്ക് തെറിച്ചുപോയി.ഉടൻതന്നെ കുഞ്ഞിനെയെടുത്ത് സിപിആർ നൽകാൻ ശ്രമിച്ചു. അവന്റെ തൊണ്ടയിലേക്ക് വിരലുകൾ ഇറക്കിനോക്കി. പക്ഷേ, പെട്ടെന്നുതന്നെ അവന്റെ ശരീരം നീല നിറമായി , ഹൃദയം സ്‌തംഭിച്ചു. രക്ഷാപ്രവത്തകർ സ്ഥലത്തെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
എന്റെ കുഞ്ഞ് വളരെ സുന്ദരനായിരുന്നു. അവന്റെ ചിരി ആർക്കും മറക്കാനാവില്ല. എല്ലാവർക്കും അവനെ വലിയ ഇഷ്‌ടമായിരുന്നു’- അവിറ്റ പറഞ്ഞു.ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ് അവിറ്റ. കടുത്ത മാനസിക സമ്മർദം കാരണം മാസം തികയുന്നതിന് മുമ്പ് തന്നെ വേദന അനുഭവപ്പെട്ടതിനാൽ അവിറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുബം അറിയിച്ചു.



