ജഡ്ഡു എന്നാല്‍ ബ്രാന്‍ഡ്’! CSK ക്യാംപിലേക്ക് ജഡേജയുടെ ‘പുഷ്പ സ്റ്റൈല്‍’ എന്‍ട്രി

1

ചാംപ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്‍ 2025 സീസണിനായി തയ്യാറെടുക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജഡേജ ദുബായില്‍ നിന്ന് ചെന്നൈയില്‍ എത്തിയത്. ടീം ക്യാംപില്‍ എത്തിയതിന് പിന്നാലെ സിഎസ്‌കെ പങ്കുവെച്ച ജഡേജയുടെ മാസ് എന്‍ട്രി വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

പുഷ്പ സ്റ്റൈലി’ല്‍ മാസ്സായി വന്നിറങ്ങുന്ന ജഡേജയാണ് വീഡിയോയില്‍. അല്ലു അര്‍ജുന്റെ ഹിറ്റ് സിനിമയായ പുഷ്പയിലെ ഐക്കോണിക് രംഗം പുനര്‍നിര്‍മിച്ചാണ് ജഡേജ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ജഡ്ഡു എന്നാല്‍ വെറും പേര് അല്ല, ജഡ്ഡു ഒരു ബ്രാന്‍ഡാണ്’ എന്ന് ജഡേജ വീഡിയോയില്‍ പറയുന്നുമുണ്ട്. ഈ വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സിഎസ്‌കെ ആരാധകര്‍.

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഉള്‍പ്പെടെ ജഡേജയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ഞായറാഴ്ച ദുബായില്‍ നടന്ന ഫൈനലില്‍ 10 ഓവര്‍ എറിഞ്ഞ ജഡേജ 30 വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞത്. ഇതിനുപിന്നാലെ താരം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ഐപിഎല്‍ 2025 സീസണിന് മാര്‍ച്ച് 22ന് തുടക്കമാവുകയാണ്. 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന ചെന്നൈ- മുംബൈ പോരാട്ടം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here