ചോർച്ച നോക്കേണ്ടത് മന്ത്രിയല്ല, വയനാട് ടൗൺഷിപ്പ് വിവാദത്തിൽ വി.ഡി. സതീശൻ

യനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായും ജനങ്ങളെ സർക്കാർ കബളിപ്പിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീടുകളിലെ ചോർച്ച പരിശോധിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തിയതിനെ അദ്ദേഹം പരിഹസിച്ചു.

വീടുകളിലെ ചോർച്ചയും സാങ്കേതിക പിഴവുകളും പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്, അല്ലാതെ മന്ത്രിയല്ല. മന്ത്രിയുടെ സന്ദർശനം വെറും പ്രഹസനമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വെച്ചാണ് സർക്കാർ തിരക്കിട്ട് വീടുകളുടെ ഉദ്ഘാടനം നടത്തിയത്. പുനരധിവാസത്തിന്റെ പേരിൽ സർക്കാർ കാപട്യമാണ് കാണിക്കുന്നത്. രാഹുൽ ഗാന്ധി കല്ലിട്ടപ്പോൾ ഉടൻ വീട് വെച്ചില്ലെന്ന് ആക്ഷേപിച്ചവർ നിർമ്മിച്ച വീടുകളുടെ അവസ്ഥ ഇപ്പോൾ കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

വീടുകളിൽ വിള്ളലില്ലെന്നും വെള്ളം കിനിഞ്ഞിറങ്ങുക മാത്രമാണ് ചെയ്തതെന്നുമുള്ള മന്ത്രിയുടെ വിശദീകരണത്തെ വീട്ടുടമ നൗഫൽ തള്ളി. മന്ത്രി സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ ടൗൺഷിപ്പിലെ മറ്റൊരു വീട്ടിൽ കൂടി ചോർച്ച കണ്ടെത്തി. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി കരാർ കമ്പനിയായ ഊരാളുങ്കൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *