‘ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പൂര്‍ണ്ണമായും മരവിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എസ്.ഐ.ടിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യേണ്ടി വരും. . മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് എസ്.ഐ.ടി വഴങ്ങിക്കൊടുക്കുകയാണ് വന്‍ശക്തികളെയും ഉന്നതരായ പ്രതികളെയും രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികള്‍ക്കെല്ലാം പുറത്തിറങ്ങാന്‍ അവസരമൊരുക്കി. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി എന്ന എം.വി ഗോവിന്ദന്റെ വാദം തെറ്റാണ്. വിധിന്യായം പൂര്‍ണ്ണമായി വായിക്കാതെയോ അല്ലെങ്കില്‍ പാര്‍ട്ടി സൈബര്‍ സെല്‍ നല്‍കിയ ക്യാപ്സ്യൂളുകള്‍ വിഴുങ്ങിയോ ആണ് അദ്ദേഹം സംസാരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും മന്ത്രിസഭയുടെ അനുമതിയില്ലാതെയും കരാര്‍ ഒപ്പിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

ഡാറ്റാ സുരക്ഷ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ കോടതി അംഗീകരിച്ചതിനാലാണ് ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ചോദിക്കുമ്പോള്‍ പറയാന്‍ ‘മനസ്സില്ല’ എന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. പാര്‍ട്ടി ഫണ്ടിലെയും സ്വര്‍ണക്കടത്തിലെയും അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ത്യാഗത്തിന്റെ പ്രതീകമായ സോണിയാ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത്.

സിപിഎമ്മിന്റെ ഈ ചെപ്പടിവിദ്യ ജനങ്ങള്‍ തിരിച്ചറിയും.അര്‍ദ്ധ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത് ആരുടെ അനുമതിയിലാണെന്ന് വ്യക്തമല്ല. കെ-റെയില്‍, ആര്‍.ആര്‍.ടി.എസ് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. പ്രതിപക്ഷവുമായോ ജനങ്ങളുമായോ ചര്‍ച്ച ചെയ്യാതെ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നതില്‍ ദുരൂഹതയുണ്ട്. കേന്ദ്ര ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചതിനെതിരെ യുഡിഎഫ് എംപിമാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *