ദുൽഖർ സൽമാൻക്കെതിരെ അന്വേഷണ വ്യാപനം; ലക്കി ഭാസ്കർ ചിത്രത്തിൽ ഉപയോഗിച്ച വാഹനവും കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: ദുൽഖർ സൽമാൻ ഉപയോഗിച്ചിരുന്ന മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ‘ഓപ്പറേഷൻ നംഖോർ’ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സിഗ്നേച്ചർ കാർസ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന Nissan Patrol കാറാണ് പിടിച്ചെടുത്തത്.
വാഹനം ലക്കി ഭാസ്കർ ചിത്രത്തിൽ ഉപയോഗിച്ചതാണെന്നാണ് വിവരം. ഇതോടെ ഓപ്പറേഷൻ നംഖോർ അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാനുമായി ബന്ധപ്പെടുത്തി മൂന്ന് ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സൈൻ മാർവേ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. എം എസ് റോഡ്വേ കാർസ് സ്ഥാപനത്തിന്റെ പങ്കാളിയാണ് അദ്ദേഹം.
കസ്റ്റംസ് അന്വേഷണപ്രകാരം ഭൂട്ടാൻ വഴി വ്യാജ രേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. ഇന്ത്യ-ഭൂട്ടാൻ അതിർത്തി വഴി എംബസികളുടെ പേരുകളും വ്യാജ രേഖകളും ഉപയോഗിച്ച് നികുതി വെട്ടിച്ച് വാഹനങ്ങൾ എത്തിച്ചതായാണ് ആരോപണം.
അതേസമയം, വാഹനങ്ങൾ ഇന്ത്യയിലെ മുൻ ഉടമസ്ഥരിൽ നിന്ന് നിയമപരമായ രേഖകളും ബാങ്ക് ഇടപാടുകളും വഴി വാങ്ങിയതാണെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.



