എവിടെ കളിച്ചാലും ഇന്ത്യ തന്നെ കപ്പ് നേടുമായിരുന്നു; വിവാദങ്ങളില്‍ പ്രതികരിച്ച് പാക് ഇതിഹാസം

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഉയരുന്ന ആരോപണമാണ് ഒരേ വേദിയില്‍ മാത്രം കളിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തുവെന്നത്. മറ്റെല്ലാ ടീമുകളും വിവിധ വേദികളില്‍ കളിച്ചപ്പോള്‍ ഇന്ത്യക്ക് എല്ലാ മത്സരങ്ങളും ദുബായില്‍ ആയിരുന്നു. ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ ഗ്രൗണ്ടില്‍ എല്ലാ മത്സരങ്ങളും കളിച്ച ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന അഭിപ്രായം നിരവധി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചിരുന്നു.

ഈ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരം വസീം അക്രം. എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ കളിച്ചിരുന്നുവെങ്കില്‍പ്പോലും ഈ കിരീടം ഇന്ത്യ തന്നെ നേടുമായിരുന്നുവെന്നാണ് അക്രം അഭിപ്രായപ്പെട്ടത്. ദുബായില്‍ മാത്രം എല്ല മത്സരങ്ങളും കളിച്ചതുകൊണ്ടാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് എന്ന് പറയുന്ന അഭിപ്രായങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.”ലോകത്ത് എവിടെ കളിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ടീം ജയിക്കുമായിരുന്നു. വേദി സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു.

പക്ഷേ, ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കുമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യ തന്നെ ജയിക്കുമായിരുന്നു. 2024 ലെ ടി20 ലോകകപ്പ് ഒരു കളി പോലും തോല്‍ക്കാതെ അവര്‍ നേടി. ഒരു കളി പോലും തോല്‍ക്കാതെ അവര്‍ ചാംപ്യന്‍സ് ട്രോഫി നേടി. അത് അവരുടെ ക്രിക്കറ്റിലെ ആഴത്തേയാണ് കാണിക്കുന്നത്.” അക്രം പറഞ്ഞു.നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് 3-0ന് തോറ്റപ്പോഴും ഓസ്‌ട്രേലിയയില്‍ 3-1ന് തോറ്റപ്പോഴും പരിശീലകന്‍ ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത്തിനേയും മാറ്റണം എന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റപ്പോഴും ഈ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്യാപ്റ്റനിലും ഒപ്പം പരിശീലകനിലും ബിസിസിഐ തങ്ങളുടെ വിശ്വാസം കൈവിടാതിരുന്നതിന്റെ കൂടെ ഫലമാണ് ഈ കിരീട നേട്ടമെന്നും വസീം അക്രം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *