അമേരിക്കയിലേയ്ക്കുള്ള തപാൽ ചരക്കുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തും: ഇന്ത്യാ പോസ്റ്റ്

വാഷിംഗ്ടൺ: ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന അമേരിക്കയുടെ പുതിയ കസ്റ്റംസ് നിയമങ്ങളെ തുടർന്ന് ഓഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള തപാൽ ചരക്കുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് കേന്ദ്ര തപാൽ വകുപ്പ്. 800 യുഎസ് ഡോളർ വരെ വിലയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ ഇളവ് പിൻവലിച്ചുകൊണ്ട് ജൂലൈ 30ന് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 29 മുതൽ അമേരിക്കയിലേയ്ക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഇനങ്ങൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് (ഐഇഇപിഎ) താരിഫിൻ്റെ ചട്ടക്കൂടിന് കീഴിലുള്ള കസ്റ്റംസ് തീരുവ ബാധകമാകും. 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾ മാത്രമേ ഡ്യൂട്ടി ഫ്രീയായി തുടരുകയുള്ളൂ.
അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും യുഎസ് കസ്റ്റംസ് അംഗീകരിച്ച മറ്റ് യോഗ്യതയുള്ള കക്ഷികൾക്കും മാത്രമേ തപാൽ കയറ്റുമതികളിൽ തീരുവ ശേഖരിക്കാനും അടയ്ക്കാനും കഴിയൂ എന്നാണ് പുതിയ നിയമം. ഇത് സംബന്ധിച്ചുള്ള പ്രക്രിയകൾ എന്തെന്ന് ഇതുവരെ വ്യക്തമല്ലാത്തതിനാൽ ഓഗസ്റ്റ് 25 ന് ശേഷം അമേരിക്കയിലേയ്ക്ക് തപാൽ പാഴ്സലുകൾ കൊണ്ടുപോകാൻ കഴിയില്ലെന്ന് എയർലൈനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് 100 യുഎസ് ഡോളർ വരെയുള്ള കത്തുകൾ, രേഖകൾ, സമ്മാന ഇനങ്ങൾ എന്നിവ ഒഴികെ യുഎസിലേക്കുള്ള എല്ലാത്തരം വസ്തുക്കളുടെയും ബുക്കിംഗ് ഇന്ത്യ പോസ്റ്റ് ഓഗസ്റ്റ് 25 മുതൽ താൽക്കാലികമായി നിർത്തിവെയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ സ്കാൻഡിനേവിയ, ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലെ തപാൽ ഗ്രൂപ്പുകളും നിയമ മാറ്റത്തിന് മുന്നോടിയായി യുഎസിലേക്കുള്ള പാഴ്‌സൽ ഡെലിവറി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം വരുത്തിയ വ്യാപകമായ വ്യാപാര മാറ്റങ്ങളുടെ ഭാഗമാണ് കസ്ററംസ് നിയമങ്ങളുടെ മാറ്റവും. ഇതിനുപുറമെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം അധികതീരുവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്നീട് 25 ശതമാനം കൂടി വർദ്ധിപ്പിച്ച് 50 ശതമാനമാക്കി ഉയർത്തിയിരുന്നു. റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ നികുതി ഇരട്ടിയാക്കിയത്.