ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം. ‘ചലോ ദില്ലി’ എന്ന പേരിൽ സംഘടിപ്പിച്ച മാർച്ചിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും അണിനിരന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി എം.പി., ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരടങ്ങുന്ന നേതാക്കൾ പ്രത്യേകം സജ്ജമാക്കിയ ബസിലാണ് മാർച്ചിൽ പങ്കെടുത്തത്. മൂന്ന് ബസുകളിലായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും ബസുകൾക്കൊപ്പം നടന്നു.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിലൂടെ അശോക മാർഗ് കടന്ന് സുപ്രീം കോടതിയിലെത്താനാണ് പ്രതിഷേധക്കാരുടെ നീക്കം. സമാധാനപരമായി മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം നൽകാൻ ഇന്ത്യാ സഖ്യം നേരത്തേ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് മാർച്ച് തടയുന്ന ഇടങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നേതാക്കൾക്കൊപ്പം നിരവധി പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button