യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും: വെല്ലുവിളി സ്വീകരിച്ച് വി ഡി സതീശൻ

കൊച്ചി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. യുഡിഎഫ് 100 സീറ്റ് തികച്ചാല്‍ താന്‍ രാജിവെക്കും. കിട്ടിയില്ലെങ്കില്‍ വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ആര്‍ക്കുവേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്ന് അറിയില്ല. ഞാനദ്ദേഹത്തോട് മത്സരത്തിനോ തര്‍ക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യുഡിഎഫിന് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അപ്പോള്‍ 97 വരെ യുഡിഎഫിന് ലഭിക്കുമെന്ന് അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. കഠിനാധ്വാനത്തിലൂടെ 100 ലധികം സീറ്റ് നേടും. യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയവനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല. വെല്ലുവിളിയൊന്നുമില്ല. അത്രയേ ഇക്കാര്യത്തില്‍ പറയാനുള്ളൂ’, വി ഡി സതീശന്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ ഒരുവാക്ക് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും നാട്ടില്‍ വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെ യുഡിഎഫ് നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അത് ടീം യുഡിഎഫിന്റെ തീരുമാനമാണ്. ഈ തകര്‍ച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കും. അതിന് പദ്ധതികളും പരിപാടികളും തങ്ങളുടെ പക്കലുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവെച്ച് വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളിപ്പള്ളിയുടെ വെല്ലുവിളി. വി ഡി സതീശന്‍ ഈഴവ വിരോധിയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *