തിരുവോണദിനത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്; ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പനെ ദർശിക്കാനെത്തുന്ന മുഴുവൻ ഭക്തർക്കും ദർശനം ഒരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവരി നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന.

ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ പ്രത്യേക ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് വിശേഷാൽ കാഴ്ച ശീവേലിയും മേളവും നടക്കും. പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു.

തിരുവോണത്തോടനുബന്ധിച്ച് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് ആരംഭിക്കുന്ന പ്രസാദ ഊട്ടിനുള്ള ക്യൂ ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ബുഫേ സംവിധാനം ആരംഭിക്കും.

കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ തുടങ്ങിയ വിഭവങ്ങളാണ് ഓണസദ്യയിൽ ഒരുക്കിയിരിക്കുന്നത്. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നടക്കുക. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തായി ഒരുക്കിയിട്ടുണ്ട്.

ഇന്നത്തെ കാഴ്ച ശീവേലിക്ക് ഗജവീരന്മാരായ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്ണു എന്നിവർ കോലമേറും. ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ എന്നിവരും രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്ണൻ, ശങ്കരനാരായണൻ എന്നിവരും കോലമേറും.

രാവിലെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും മേളമൊരുക്കും. ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും സംഘവുമാണ് മേളം ഒരുക്കുന്നത്. തിരുവോണ ദിനത്തിൽ ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button