“ഫലപ്രഖ്യാപനത്തിന് മുമ്പ് കണ്ണൂരിൽ കനത്ത ജാഗ്രത: 23 കേന്ദ്രങ്ങളിൽ സുരക്ഷ ശക്തം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. 23 കേന്ദ്രങ്ങളിലാണ് പ്രധാനമായും കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികൾ, അവരുടെ വീടുകൾ, പാർട്ടി ഓഫീസുകൾ എന്നിവയെല്ലാം പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
സംഘർഷസാധ്യതയുള്ള മേഖലകളിൽ 150-ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിൽ 35 എണ്ണം പയ്യന്നൂർ മണ്ഡലത്തിലെ കോത്തായിമുക്ക്, വെള്ളൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും അവരുടെ അനുയായികൾക്കും പ്രത്യേക സംരക്ഷണം നൽകും. സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ വീടിന് പോലീസ് കാവൽ വർദ്ധിപ്പിച്ചു. വ്യക്തികളും സ്ഥാപനങ്ങളും സ്വന്തം നിലയ്ക്ക് ക്യാമറകൾ സ്ഥാപിക്കാനും പോലീസ് നിർദ്ദേശമുണ്ട്.
ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തലശ്ശേരി, മട്ടന്നൂർ, പാനൂർ, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിൽ പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും 48 മണിക്കൂറും പ്രവർത്തിക്കുന്ന ‘സ്ട്രൈക്കിംഗ് ഫോഴ്സ്’ രൂപീകരിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പത്തോളം ഇതരസംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സായുധ സംഘമാണ് ഇതിലുണ്ടാവുക. സാധാരണ നിലയിൽ രണ്ട് സ്റ്റേഷനുകൾക്ക് ഒന്നെന്ന ക്രമത്തിലാണ് സേനയെ നിയോഗിക്കാറുള്ളതെങ്കിലും ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓരോ സ്റ്റേഷനിലും പ്രത്യേക സായുധ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.



