തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡോ ഹാരിസ്

തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കല്‍. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡോ ഹാരിസ് പറഞ്ഞു. ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്ന് ഹാരിസ് പറഞ്ഞു. കെജിഎംസിടിഎ ഭാരവാഹികള്‍ക്ക് നല്കിയ കുറിപ്പിലായിരുന്നു ഹാരിസിന്റെ ആരോപണം.
‘അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്’, ഹാരിസ് പറഞ്ഞു.
അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. കാണാതായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന് തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
എന്നാല്‍ ഈ ഉപകരണം കാണാതായതല്ലെന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന് തിയേറ്ററില്‍ തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ വന്നാല്‍ മാത്രമേ ഉപയോഗിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല്‍ നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്‍പ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.



