ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രചോദനം; അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: തലശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടയാൾക്ക് ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തിയതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കണ്ണൂർ നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പിൽ നിന്നും ഓട്ടോയിലും പിന്നീട് കാറിലും എത്തിയ ആയങ്കിയെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പിന്തുടർന്നത്.
ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.അർജുൻ നാളെ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. സംസ്ഥാനത്തുടനീളം 23 കേസുകളാണ് അർജുനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സ്ഥിരം കുറ്റവാളിയെന്ന റിപ്പോർട്ട് നൽകി ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.



