കോവളം മുതൽ ആസ്ട്രൽ പ്രൊജക്ഷൻ വരെ; കുറ്റാന്വേഷണ മികവിന്റെ പേരിൽ ജെ.കെ. ദിനിലിന് വീണ്ടും തലസ്ഥാനത്തേക്ക് വിളി

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച വന്‍ കേസ്സുകളില്‍ സ്വന്തം കുറ്റാന്വേഷണ പാടവത്തിലൂടെയും ശാസ്ത്രീയ തെളിവുകളിലൂടെയും സത്യം പുറത്തുകൊണ്ടുവന്ന പ്രമുഖ പോലീസ് ഉദ്യോഗസ്ഥന് ജെ.കെ. ദിനില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി (എ.എസ്.പി) ചുമതലയേറ്റു. കൊല്ലം സിറ്റി പോലീസ് അഡീഷണല്‍ എസ്.പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇദ്ദേഹം രണ്ടാം തവണയാണ് തിരുവനന്തപുരം റൂറലില്‍ അഡീഷണല്‍ എസ്.പിയായി എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ ജെ.കെ. ദിനിലിന്റെ നിയമനം ജില്ലയിലെ പോലീസ് സംവിധാനത്തിനും കുറ്റാന്വേഷണ വിഭാഗത്തിനും കൂടുതല്‍ കരുത്ത് പകരും.
ലാത്വിയന്‍ യുവതിയുടെ കൊലപാതകവും നന്തന്‍കോട് കൂട്ടക്കൊലപാതകവും ഉള്‍പ്പെടെ സംസ്ഥാനത്തെ നടുക്കിയ പ്രമുഖ കേസ്സുകളില്‍ നിര്‍ണ്ണായക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് ജെ.കെ. ദിനില്‍. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ ദാരുണമായി കൊലപ്പെടുത്തിയ കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥന് അന്ന് മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ദിനിലായിരുന്നു. ‘ആസ്ട്രല്‍ പ്രൊജക്ഷന്’ എന്ന അന്ധവിശ്വാസപരമായ പരീക്ഷണത്തിന്റെയും മാനസിക രോഗത്തിന്റെയും മറവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കേഡല്‍ ജിന്സണ് രാജയുടെ അതിബുദ്ധികളെ പൊളിച്ചടുക്കാന്‍ ദിനിലിന്റെ സമഗ്ര അന്വേഷണത്തിന് കഴിഞ്ഞു.
കേഡല്‍ ജിന്സണ് രാജയ്ക്ക് 30 വര്‍ഷത്തിലധികം തുടര്‍ച്ചയായ തടവുശിക്ഷ ഉറപ്പാക്കുന്നതില്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായക പങ്കുവഹിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കത്തിച്ച്, ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേഡലിനെ പിടികൂടാനും, ഓണ്‍ലൈനിലൂടെ മഴു വാങ്ങിയതും യൂട്യൂബില്‍ കൊലപാതക ദൃശ്യങ്ങള്‍ കണ്ടതും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനും അന്വേഷണ സംഘത്തിന് സാധിച്ചു. വിചാരണ വേളയില്‍ പ്രതി മാനസിക വിഭ്രാന്തി കാണിച്ചെങ്കിലും കൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് ഒരു മാനസിക പ്രശ്നവുമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചത് ദിനിലിന്റെ അന്വേഷണ മികവായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ കോവളത്തെ വിദേശ വനിതയുടെ ബലാത്സംഗ കൊലപാതക കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നതും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ദിനിലാണ്. പോത്തന്‍കോട്ടെ ആശ്രമത്തില്‍ നിന്നും കാണാതായ ലാത്വിയന്‍ യുവതിയെക്കുറിച്ചുള്ള കേസ് വെറുമൊരു ‘വുമണ്‍ മിസ്സിംഗ്’ ആയി അവസാനിക്കുമായിരുന്ന ഘട്ടത്തില്‍ നിന്നാണ് ദിനില്‍ അന്വേഷണ ചുമതലയേറ്റെടുക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രം മുന്‍നിര്‍ത്തി, കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ തുരുത്തില് നിന്നും മൃതദേഹം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
യാതൊരുവിധ ദൃക്സാക്ഷികളുമില്ലാത്ത കോവളം കേസില്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിചാരണക്കോടതിയില്‍ കൃത്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയുണ്ടായി. ഈ സമഗ്ര അന്വേഷണത്തിന് ഡി.ജി.പിയുടെ അനുമോദന പത്രവും പ്രത്യേക സത്സേവന രേഖയും ദിനിലിനെ തേടിയെത്തി.
അതിസങ്കീര്‍ണ്ണമായ മറ്റ് നിരവധി കേസ്സുകളിലും തിളക്കമാര്‍ന്ന കുറ്റാന്വേഷണ പാടവമാണ് ജെ.കെ. ദിനില്‍ കാഴ്ചവെച്ചിട്ടുള്ളത്. അടുത്തകാലത്ത് വലിയ തരംഗം സൃഷ്ടിച്ച കരുനാഗപ്പള്ളി അലുവ അതുല്‍ കൊലക്കേസിന്റെ അന്വേഷണ മേല്‍നോട്ടച്ചുമതല വഹിച്ചതും കൊല്ലം സിറ്റി അഡീഷണല്‍ എസ്.പിയായിരുന്ന ദിനിലാണ്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വലയിലാക്കാന്‍ അദ്ദേഹത്തിന്റെ നിര്‍ണ്ണായക ഇടപെടലുകള്‍ സഹായിച്ചു.
തലസ്ഥാന നഗരിയെ നടുക്കിയ ആല്‍ത്തറ വിനീഷ് കൊലക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും മ്യൂസിയം സി.ഐ ആയിരിക്കെ ദിനിലാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയായി അറിയപ്പെട്ട ശോഭാ ജോണ്‍ പ്രതിയായ കേസ് കൂടിയായിരുന്നു ഇത്. സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയ്ക്ക് കൈയാമം വച്ച് ജയിലിലടച്ചതും ജെ.കെ. ദിനിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
അതുപോലെ, കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിച്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലും ഇന്‍സ്പെക്ടറായി ദിനില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടേത് അപകട മരണമല്ല, കൊലപാതകമാണെന്ന് തെളിയിക്കാന്‍ ഈ അന്വേഷണത്തിന് സാധിച്ചു. 2016-ലെ പേട്ട വിഷ്ണു കൊലക്കേസിന്റെ പുനരന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും ഇദ്ദേഹം തന്നെയാണ്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുനരന്വേഷണം നടത്തിയ നേമം കാരക്കമണ്ഡപം റഫീഖ് വധക്കേസിലും പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വാങ്ങി നല്കാന് ദിനിലിന് സാധിച്ചു. കൂടാതെ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരിക്കെ മാധ്യമപ്രവര്‍ത്തകയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കി അധിക്ഷേപം നടത്തിയ കേസില്‍ നടത്തിയ മികവുറ്റ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കരസ്ഥമാക്കിയ ദിനില്‍ 2003-ലാണ് സബ് ഇന്‍സ്പെക്ടറായി പോലീസ് സര്‍വീസില്‍ പ്രവേശിക്കുന്നത്. തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശിയായ ഇദ്ദേഹം ഹൈപ്രൊഫൈല്‍ കേസ്സായ എ.കെ.ജി സെന്റര്‍ ആക്രമണ കേസ് അന്വേഷണത്തിനായുള്ള പ്രത്യേക അന്വേഷണ സംഘത്തെയും നയിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിലെ കണിശതയ്ക്കൊപ്പം സാംസ്കാരിക രംഗത്തും സജീവമാണ് ജെ.കെ. ദിനില്‍. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന അദ്ദേഹം, അവിടെ നിന്നും ചുമതല ഒഴിയും മുന്‍പ് ആറ്റുകാല്‍ അമ്മയ്ക്കായി ഒരു ഭക്തിഗാനം രചിച്ചു. പ്രശസ്ത ഗായിക കെ.എസ്. സുജാതയാണ് ഈ ഗാനം ആലാപനം ചെയ്തത്.
ഫോര്‍ട്ട്, കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറായും കൊല്ലം അഡീഷണല്‍ എസ്.പിയായും സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുമായാണ് ജെ.കെ. ദിനില്‍ തിരുവനന്തപുരം റൂറലിന്റെ അഡീഷണല്‍ എസ്.പിയായി വീണ്ടും അണിനിരക്കുന്നത്. തലസ്ഥാന ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും ദിനിലിന്റെ പ്രവര്‍ത്തന പരിചയം പോലീസിന് വലിയ കരുത്തായി മാറും.



