മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിൽ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് അന്വേഷിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരത്തോടുകൂടി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. എഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവരടങ്ങുന്ന ടീമാണ് രൂപീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തും നിയമോപദേശ റിപ്പോർട്ടും സംഘത്തിന് കൈമാറും. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.
മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ സ്പോൺസർ 126 കോടി വിദേശ ഏജൻസിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണയ വിനിമയച്ചട്ട പ്രകാരം (ഫെമ) ഇഡി കേസെടുത്തിരുന്നു. സ്പോൺസർ ഫെമ വ്യവസ്ഥകൾ പാലിച്ചില്ലെന്നാണ് ഇഡിയുടെ പ്രാഥമികനിഗമനം. ഇടപാടിന് കള്ളപ്പണം വിനിയോഗിച്ചോ എന്നതടക്കം (കള്ളപ്പണ വിനിയോഗ നിയന്ത്രണ നിയമം) ഇഡിക്ക് അന്വേഷിക്കണമെങ്കിൽ മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എന്നാൽ, ഫെമ നിയമപ്രകാരം കേസെടുക്കുന്നതിൽ തടസമില്ല. അതിനാലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.തുക കൈമാറിയത് സംബന്ധിച്ച രേഖകൾ, സ്പോൺസർ ഒപ്പിട്ട കരാർ, അനുബന്ധരേഖകൾ തുടങ്ങിയവ വിലയിരുത്തിയായിരുന്നു കേസെടുത്തത്. സംസ്ഥാന കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്, രേഖകൾ എന്നിവയും ശേഖരിച്ചിരുന്നു. ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ വിവരങ്ങളും പരിശോധിച്ചതായി വിവരമുണ്ട്.



