ഒരു ഓവറിൽ ആറ് റൺസ് നേടിയത് ഇംഗ്ലണ്ടിന്റെ മിടുക്ക്, ബുംറയുടെ പന്തിൽ ബൗണ്ടറി നേടുക അസാധ്യം

ലണ്ടൻ: ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ നടുവൊടിച്ച ജസപ്രീത് ബുംറയുടെ ബൗളിംഗ് മികവിനെ പ്രശംസിച്ച് ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ. ലോക ക്രിക്കറ്റിൽ നിലവിൽ ബുംറയ്ക്ക് തുല്യനായി മറ്റാരുമില്ലെന്നും, അദ്ദേഹത്തിന്റെ കൃത്യത പഠിച്ചെടുക്കാവുന്നതിനും അപ്പുറമാണെന്ന് ആൻഡേഴ്സൺ പറഞ്ഞു. ബിബിസി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുംറയുടെ കാര്യം നോക്കിയാൽ എനിക്ക് തോന്നുന്നത് അദ്ദേഹത്തിൽ നിന്ന് ആർക്കും ഒന്നും പഠിക്കാൻ കഴിയില്ലെന്നാണ്. കാരണം ബുംറ അത്ഭുതമാണ്. ലോകത്ത് ഏത് ഫോർമാറ്റിലും ഏത് ലിംഗഭേദത്തിലുമുള്ള ബൗളർമാരെ എടുത്താലും, ഒരു ഓവറിലെ ആറ് പന്തും ഒരേ കൃത്യതയോടെ യോർക്കർ എറിയാൻ കഴിയുന്ന ബുംറയ്‌ക്ക് പകരം മറ്റൊരാളുമില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ഓവറിൽ പോലും ബുംറ അഞ്ച് യോർക്കറുകളും ഒരു സ്ലോവർ യോർക്കറുമാണ് എറിഞ്ഞത്.
ആ പന്തുകളൊന്നും ഒരിടത്തും അടിച്ചു പറത്താൻ കഴിയില്ല.ബുംറയുടെ ഓവറിൽ നിന്ന് ആറ് റൺസ് നേടിയത് തന്നെ ഇംഗ്ലണ്ടിന്റെ മിടുക്കാണ്. ബുംറയുടെ ഓവറിൽ ബൗണ്ടറി നേടുക അസാധ്യമാണെന്ന് ഇംഗ്ലീഷ് ബാറ്റർമാർക്ക് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് വിക്കറ്റ് നൽകാതെ ബാക്കി ബൗളർമാരെ നേരിടാം എന്നതായിരുന്നു അവരുടെ പ്ലാൻ.കളിയുടെ അവസാനം ശിവം ദുബെ എറിഞ്ഞ ഓവർ നോക്കൂ, ജോഫ്ര ആർച്ചർ 19 റൺസാണ് അടിച്ചെടുത്തത്.
ആ സമയം കളി ഏതാണ്ട് കൈവിട്ടുപോയിരുന്നുവെങ്കിലും ദുബെയും യോർക്കറുകൾ എറിയാനാണ് ശ്രമിച്ചത്. പക്ഷേ അത് വലിയ വ്യത്യാസത്തിൽ പിഴച്ചുപോയി. ബുംറയുടെ ആ കഴിവ് വേറെ ലെവൽ തന്നെയാണ്. ട്വന്റി-20 ക്രിക്കറ്റിൽ നിലവിൽ ബുംറയ്ക്ക് തുല്യനായി മറ്റാരുമില്ല’.-ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ഇംഗ്ലണ്ട് ബാറ്റ് വീശിയെങ്കിലും ജസപ്രീത് ബുംറയുടെ ഓവറുകൾ നിർണായകമായി മാറുകയായിരുന്നു. 22കാരൻ ജേക്കബ് ബെഥൽ സെഞ്ച്വറി നേടിയെങ്കിലും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.



