തലസ്ഥാനത്ത് 23 ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകളെത്തുന്നു, ശനിയാഴ്‌ച മുതൽ സർവീസ് ആരംഭിക്കുമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ 23 ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മേയർ വി വി രാജേഷ്. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെങ്കിലും ആറെണ്ണം ലാഭകരമല്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. ശനിയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും. ചില റൂട്ടുകളിൽ നേരത്തെ സർവീസ് നടത്തിയ ബസുകളും പുതിയ പട്ടികയിൽ ഉൾപ്പെടുമെന്ന് മേയർ അറിയിച്ചു.
നേരത്തെ കോർപ്പറേഷനിലെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് മേയറും ഗതാഗത മന്ത്രിയും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു, വിവാദത്തിനിടെ മേയർ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു. ഇലക്‌ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് ചർച്ചയിൽ തീരുമാനമായത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ലഭിച്ച ഇലക്‌ട്രിക് ബസുകൾ ചർച്ചയായത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് ഗതാഗത മന്ത്രി ഇടപെട്ട് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കാൻ തുടങ്ങിയത്.
എന്നാൽ, ഈ ബസുകൾ ഇനി നഗരത്തിനുള്ളിൽ ഓടിയാൽ മതിയെന്ന് വി വി രാജേഷ് നിലപാടെടുത്തതോടെ വിഷയം വിവാദമാവുകയായിരുന്നു.മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം. നഗരത്തിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ സർവീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിൽ വീഴ്‌ചയുണ്ടെന്നും നേരത്തേ വി വി രാജേഷ് വ്യക്തമാക്കിയിരുന്നു.



