‘തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു’രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഇതെല്ലാം സംശയങ്ങൾ സൃഷ്ടിച്ചുവെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം.
ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരുഹ വോട്ടർമാർ വന്നു. സിസിടിടി ദൃശ്യങ്ങൾ ലഭിക്കതിരിക്കാൻ ചട്ടങ്ങൾ മാറ്റി. 45 ദിവസം കഴിഞ്ഞു ദൃശ്യങ്ങൾ നശിപ്പിക്കുന്നു. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മഹാദേവപുര (കർണാടക)യിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ അട്ടിമറിച്ചു. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നു. വോട്ടർപട്ടികയിലെ വീട്ടു നമ്പറുകൾ പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ മുറി വിട്ടിൽ 80 വോട്ടർമാർ. വ്യാജ വിലാസങ്ങളിൽ ഒട്ടേറെപ്പേർ. 70 വയസുള്ളവർ വരെ ആദ്യമായി വോട്ട് ചേർത്തതായി കാണുന്നു. ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രം. 68 പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിന്റെ വിലാസമാണുള്ളതെന്നും രാഹുൽ തെളിവുകൾ നിരത്തി.
ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. തെളിവുകൾ നശിപ്പിക്കാനുള്ള തിരക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ യാഥാർത്ഥ്യം ഇതാണ്. 25 ലോക്സഭാ സീറ്റുകളിൽ 33000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.