ദുബായ് സെക്സ് റാക്കറ്റ് കേസ്; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണം

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി യുവതികളെ ദുബായിലെ സെക്സ് റാക്കറ്റുകൾക്ക് കൈമാറിയിരുന്ന ഇടപാട് നാല് വർഷമായി തുടരുകയാണെന്ന് കേസിലെ മുഖ്യപ്രതി സിന്ധുവിന്റെ (സ്റ്റോയ്‌സി, 56) കുറ്റസമ്മത മൊഴി. ഗുരുവായൂർ സ്വദേശിനിയായ സിന്ധു നിരവധി യുവതികളെ റാക്കറ്റിന് കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ഇരകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

ആലുവ തൈനോത്തിൽ കടവിൽ താമസിക്കുന്ന സിന്ധുവിന് കീഴിൽ നിരവധി ഏജന്റുമാർ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ പൊന്നാനി സ്വദേശിനി മഞ്ജിമയും തിരുവനന്തപുരം പൊങ്ങുവിള സ്വദേശിനി അലീനയും ഉൾപ്പെടെയുള്ളവർ റിമാൻഡിലാണ്. ദുബായിൽ കഴിയുന്ന ഷംല, റഹ്മത്ത് എന്നിവരടക്കം അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി. ഗുണ്ടാസംഘങ്ങളുമായി സിന്ധുവിന് അടുത്ത ബന്ധമുണ്ടെന്നും ചതിയിൽപ്പെട്ട യുവതികളുടെ ലൈംഗിക ദൃശ്യങ്ങൾ പകർത്തിയത് ഇവരാണെന്നും പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദുബായിൽ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ‘അലിസ ഇവന്റ്സ്’ എന്ന സ്ഥാപനത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് ഒരു പരാതിക്കാരിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ടിക്കറ്റിനും വിസയ്ക്കുമായി 4.75 ലക്ഷം രൂപ സിന്ധു വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.

2024 ഫെബ്രുവരി 20ന് ദുബായിലെത്തിച്ച യുവതിയെ അപ്പാർട്ട്മെന്റിലെത്തിച്ച ശേഷം വെളുത്ത പൊടി കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മറ്റ് പുരുഷന്മാരെ മുറിയിലേക്ക് കടത്തിവിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പീഡന ദൃശ്യങ്ങൾ സിന്ധു പകർത്തി യുവതിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചതായും പൊലീസ് കണ്ടെത്തി. യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഇടപാടുകാരുമായി വിലപേശുന്ന വാട്സ്ആപ്പ് ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button