‘വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കരുത്’; പടിയിറങ്ങും മുൻപ് നിലപാട് കടുപ്പിച്ച് രാജേന്ദ്ര അർലേക്കർ!

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ഭരണപരമായ ചില ആശയ ഭിന്നതകൾ മാത്രമാണെന്നും, അവ അനാവശ്യ വിവാദങ്ങളായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഗവർണർ പദവിയിൽ തന്റെ അവസാനത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ തനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും അദ്ദേഹം ഓർത്തെടുത്തു. ക്രിയാത്മകമായ ഒരു കാലഘട്ടമാണ് കേരളത്തിൽ താൻ പൂർത്തിയാക്കിയത്. സർക്കാരും ജനങ്ങളും പല ഘട്ടങ്ങളിൽ നൽകിയ സഹകരണമാണ് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായകരമായത്. തന്റെ കാലയളവിലെ രണ്ട് സർക്കാരുകളുമായും നല്ല ബന്ധം പുലർത്താൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചതിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

ഗവർണർ പദവി ഒഴിയുന്ന രാജേന്ദ്ര അർലേക്കർക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്ന് (ഒക്ടോബർ 22) നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. തമിഴ്നാട് ഗവർണറായി നിയമിതനായ രാജേന്ദ്ര അർലേക്കർ അവിടെ ഇതിനകം ചുമതലയേറ്റിട്ടുണ്ട്.

അതേസമയം, കേരളത്തിലെ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂർ ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ ഉച്ചയ്ക്ക് (ഒക്ടോബർ 23) 12 മണിക്കാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവർണർ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button