മദ്യത്തിൽ വെള്ളം നൽകിയില്ലെന്ന് ക്രൂരത; ഒമ്പത് വയസുകാരനെ വെടിവെച്ച് കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ പേരിടൽ ചടങ്ങിനിടെ ഒമ്പത് വയസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം നടന്നു. ബന്ധുവായ സുഖ്‌വീർ യാദവ് ആണ് കുട്ടിയെ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.
സഹവാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യാകുത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ചടങ്ങിനിടെ ബന്ധുക്കളും ഗ്രാമവാസികളും ഒത്തുകൂടിയിരുന്നു. കുട്ടിയുടെ പിതാവും പ്രതിയും മദ്യപിക്കുന്നതിനിടെ വെള്ളം കൊണ്ടുവരാൻ കുട്ടിയോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ കുട്ടി വിസമ്മതിച്ചതിനെ തുടർന്ന് പ്രതി കുട്ടിയുടെ വയറ്റിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് നില ഗുരുതരമായതോടെ അലിഗഡിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ശനിയാഴ്ച കുട്ടി മരിച്ചു.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോവിന്ദ് ബല്ലഭ് ശർമ്മ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. കനാൽ പാലത്തിന് സമീപം നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും, ഉപയോഗിച്ച തോക്കും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ ഭാരതി അറിയിച്ചു.



