കൊല്ലത്ത് മുകേഷിന് പകരം സിപിഎം പരിഗണിക്കുന്നത് യുവ വനിതാ നേതാവിനെ; പാര്‍ട്ടി തീരുമാനം വരട്ടേയെന്ന് എംഎല്‍എ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയും നടനുമായ എം മുകേഷിന് മൂന്നാമത് അവസരം നല്‍കിയേക്കില്ല. മുകേഷിന് പകരം യുവജന കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. യുവ വനിതാ നേതാവെന്ന നിലയില്‍ ചിന്തയെ മത്സരിപ്പിക്കുന്നതിലൂടെ സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു. മണ്ഡലത്തില്‍ രണ്ട് തവണ എംഎല്‍എയായ മുകേഷിന് വീണ്ടും സീറ്റ് നല്‍കുന്നതില്‍ ജില്ലാ കമ്മിറ്റിക്കും താത്പര്യക്കുറവുണ്ട്.
2016ല്‍ 17,611 വോട്ടുകള്‍ക്ക് വിജയിച്ച മുകേഷ് 2021ല്‍ ബിന്ദു കൃഷ്ണയെ തോല്‍പ്പിച്ചത് വെറും 2072 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു. നടനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി ഉള്‍പ്പെടെയുള്ളവ വീണ്ടും മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. അതേസമയം, വീണ്ടും മത്സരിക്കുമോ ഇല്ലയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് മുകേഷിന്റെ പ്രതികരണം.ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല.
എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരുമെന്നും വ്യക്തമാക്കി. തരുന്ന റോളുകള്‍ നന്നായി നിര്‍വഹിച്ച് കൈയില്‍ കൊടുക്കുന്നതാണ് രീതി. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയുമില്ലെന്ന് മുകേഷ് പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. – മുകേഷ് വ്യക്തമാക്കി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരെ മത്സരിച്ച മുകേഷ് ഒന്നര ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.



