കോൺഗ്രസ് പുന:സംഘടന; പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്

സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ച പട്ടികയുമായി KPCC നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിങ്ങ് പ്രസിഡൻറുമാരുമാണ് ഹൈക്കമാൻഡുമായുളള ചർച്ചകൾക്കായി ഡൽഹിയിലെത്തുന്നത്. ഈ മാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. സ്വന്തം പക്ഷത്ത് നിൽക്കുന്ന നേതാക്കളെ ഡി.സി.സി തലപ്പത്ത് നിന്ന് ഒഴിവാക്കുന്നതിൽ എതിർപ്പറിയിച്ച്
പ്രധാന നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം തയാറാക്കിയ പട്ടികയുമായാണ് കെപിസിസിയുടെ പുതിയ നേതൃത്വം ഡൽഹിയിലേക്ക് പോകുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡൻറുമാരായ എ.പി അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും.പട്ടിക സംബന്ധിച്ച് നാളെയും മറ്റന്നാളും ഹൈക്കമാൻഡുമായി
ചർച്ച നടത്തും.

വൈസ് പ്രസിഡൻറ്,ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രഷറർ, ഡി.സി.സി അധ്യക്ഷന്മാർ എന്നീ തലങ്ങിലാണ് പുന:സംഘടന നടക്കുക.വൈസ് പ്രസിഡൻറുമാരുടെ എണ്ണം 4ൽനിന്ന് 5ആയും ജനറൽസെക്രട്ടറിമാരുടെ എണ്ണം 23ൽ നിന്ന് 30 ആയും സെക്രട്ടറിമാരുടെ എണ്ണം 70 ആയും വർധിപ്പിക്കണമെന്നാണ് ശുപാർശ. ഇതോടെ ജംബോ കമ്മിറ്റിയായിരിക്കും വരികയെന്ന് ഏതാണ്ട് ഉറപ്പായി.9 ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണമെന്ന നിർദേശമാണ് ഇപ്പോൾ തയാറാക്കി വെച്ചിരിക്കുന്നത്. എന്നാൽ കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജേന്ദ്ര പ്രസാദിനെ മാറ്റുന്നതിൽ കൊടിക്കുന്നിൽ സുരേഷ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ഡിസിസി അധ്യക്ഷനായ ബി.ബാബുപ്രസാദിനെ നീക്കുന്നതിനെ രമേശ് ചെന്നിത്തലയും എതിർക്കുകയാണ്. എതിർപ്പ് വന്നതോടെ ഹൈക്കമാൻഡ് നിലപാട് നിർണായകമാകും തൃശൂർ ഒഴികെയുളള എല്ലാ DCC അധ്യക്ഷന്മാരെയും മാറ്റാൻ ഹൈക്കമാൻഡ് നിർദ്ദേശിക്കാനാണ് സാധ്യത. ഇത് മുൻകൂട്ടി കണ്ട് മലപ്പുറം, കണ്ണൂർ കോഴിക്കോട്, എറണാകുളം DCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകളുംതയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ചർച്ചക്ക്
ശേഷം ഈമാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *