കൊളംബോയിലെ കൊമ്പുകോർക്കൽ; ജയ്സ്വാളിനും അസിതയ്ക്കും മാച്ച് ഫീയുടെ 25% പിഴ, നടപടിയുമായി ഐസിസി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ കൊമ്പുകോർത്ത ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിനും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയ്ക്കും പിഴ. മത്സരഫീസിന്റെ 25 ശതമാനം വീതമാണ് ഇരുവർക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പിഴ ചുമത്തിയത്. കൂടാതെ ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയിന്റ് വീതവും ലഭിച്ചു.
കൊളംബോ ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. 17-ാം ഓവറിൽ ജയ്സ്വാളിനെ 45 റൺസിന് അസിത പുറത്താക്കിയതിന് പിന്നാലെയായിരുന്നു സംഭവം. ജയ്സ്വാളിന് നേരെ അസിത നടത്തിയ ആഘോഷമാണ് തർക്കത്തിന് തുടക്കമിട്ടത്. പിന്നാലെ ജയ്സ്വാൾ തിരിച്ചെത്തി അസിതയോട് വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ ഇരുവരുടെയും തലകൾ തമ്മിൽ ചെറുതായി മുട്ടുകയും ചെയ്തു. ലങ്കൻ ക്യാപ്ടൻ ധനഞ്ജയ ഡി സിൽവ ഉൾപ്പെടെയുള്ള താരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഐ.സി.സി ചട്ടത്തിലെ ആർട്ടിക്കിൾ 2.12 പ്രകാരം കളിക്കാരനോടോ ടീം സപ്പോർട്ട് സ്റ്റാഫിനോടോ അമ്പയറോടോ മാച്ച് റഫറിയോടോ മറ്റേതെങ്കിലും വ്യക്തിയോടോ അനുചിതമായ ശാരീരിക സമ്പർക്കം നടത്തുന്നത് കുറ്റമാണ്. ഈ ചട്ടം ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടി. കുറ്റം ഇരുവരും സമ്മതിച്ചതോടെ വാദം കേൾക്കൽ ആവശ്യമുണ്ടായില്ല. എമിറേറ്റ്സ് ഐ.സി.സി എലൈറ്റ് പാനൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് നിർദേശിച്ച ശിക്ഷ ഇരുവരും അംഗീകരിച്ചു. കഴിഞ്ഞ 24 മാസത്തിനിടെ ഇരുതാരങ്ങളും യാതൊരു അച്ചടക്ക നടപടിക്കും വിധേയരായിരുന്നില്ല. അതിനാൽ ഈ കാലയളവിലെ ആദ്യ ഡീമെറിറ്റ് പോയിന്റാണിത്.
സംഭവത്തെക്കുറിച്ച് നേരത്തെ തന്നെ ജയ്സ്വാൾ പ്രതികരിച്ചിരുന്നു. ഇരുതാരങ്ങളും തമ്മിൽ നടന്ന സംഭാഷണം അറിയാതെയുള്ള വിലയിരുത്തലുകൾ ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ‘എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെങ്കിൽ വിധി പറയരുത്. അതിരുകടന്നത് ആരാണെന്ന് അറിയിക്കണം. ഇന്ത്യ പോരാടുകയും മറുപടി നൽകുകയും ചെയ്യും’ എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ജയ്സ്വാളിന്റെ പ്രതികരണം.ജയ്സ്വാൾ ഫെർണാണ്ടോയോട് വളരെ അടുത്ത് പോകേണ്ടിയിരുന്നില്ലെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കും നേരത്തെ പ്രതികരിച്ചിരുന്നു.



