വിവാഹേതര ബന്ധം മറച്ചുവെച്ചെന്ന് പരാതി; മുൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട കുടുംബക്കോടതി. ഭാര്യയുടെ പ്രവൃത്തികൾ തന്റെ വ്യക്തിജീവിതവും ദാമ്പത്യജീവിതവും തകർത്തുവെന്ന പരാതിയിലാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
മരട് സ്വദേശിയായ യുവാവാണ് ഹർജി നൽകിയത്. മുൻ ഭാര്യയും അവരുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബക്കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടത്.
വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അതിന്റെ നിലവിലെ വിപണി മൂല്യമോ ആറു ശതമാനം പലിശ സഹിതം തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.
ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടർന്നുവെന്നും, മുൻപ് നടത്തിയ ഗർഭച്ഛിദ്രത്തിന്റെ വിവരം മറച്ചുവെച്ചുവെന്നും, വിവാഹശേഷവും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിച്ചത്.
വഞ്ചനയും മാനസിക പീഡനവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ പരിഗണിച്ചാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2018 ജൂലൈയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് വിധി. അന്നുമുതൽ ആറു ശതമാനം പലിശയും നഷ്ടപരിഹാര തുകയ്ക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും നഷ്ടപരിഹാര ബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബബന്ധങ്ങളിലും വിവാഹജീവിതത്തിലും വിശ്വാസവഞ്ചനയും വിവരങ്ങൾ മറച്ചുവെക്കലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.



