സതീശനെതിരെ ഖാർഗെയ്ക്ക് പരാതി; ഡൽഹിയിലെത്തി അടൂർ പ്രകാശ്, കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ നിർണായക നീക്കം

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി ഡി സതീശനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് അടൂർ പ്രകാശ് ഡൽഹിയിലെത്തിയത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന സണ്ണി ജോസഫും ഖർഗയെ കണ്ട് സാഹചര്യം വ്യക്തമാക്കി.

അടൂർ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിനിടെ മന്ത്രി അനൂപ് ജേക്കബ് അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തി. വി ഡി സതീശൻ നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല, തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നു, യുഡിഎഫ് കൺവീനർ എന്ന പദവിയെ മാനിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത്.

ഡൽഹിയിലെത്തി പരാതി നൽകിയെങ്കിലും അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ഡൽഹിയിലെ വസതിയിൽ അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അനൂപ് ജേക്കബ് സൗഹൃദ സന്ദർശനമാണെന്നാണ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. ഇതിനിടെ മുഖ്യമന്ത്രി വി ഡി സതീശനും ഇന്ന് രാത്രി ഡൽഹിയിലെത്തും. വലിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ച കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ കടുത്ത സമ്മർദ്ദത്തിലാണ് ഹൈക്കമാൻഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button