ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന്

ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണത്താൽ വഴിമുട്ടിയ അന്വേഷണത്തിന് സഹായകമാകുന്നതായിരിക്കും ഫലം. ജൈനമ്മ തിരോധന കേസിന് പിന്നാലെ സെബാസ്റ്റ്യന്റെ വീടിന് പരിസരത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥികളുടെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുന്നത്.

കഴിഞ്ഞമാസം 28നാണ് ജൈനമ്മ തിരോധാന കേസുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനുമായി വീട്ടിലെത്തി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വീടിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുന്നത്. ഈ അസ്ഥികളാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നത്. അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡ‍ി കാലാവധി നാളെ അവസാനിക്കും. അതിനുള്ളിൽ‌ ഡിഎൻഎ ഫലം ലഭിച്ചാൽ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കൂടുതൽ സഹായകരമാകും.

കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും തുറന്നുപറയാൻ സെബാസ്റ്റ്യൻ തയാറായിട്ടില്ല. നിലവിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ജൈനമ്മയുടേതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ പിന്നീട് രണ്ട് സ്ത്രീകളുടെ കൂടെ തിരോധാനകേസുകളിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അസ്ഥി ഇവരുടേതാകാമെന്ന നിഗമനത്തിലേക്ക് എത്തി.

നാല് വർഷത്തിലധികം പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ജൈനമ്മയെ കാണാതായത് 2024 ഡിസംബറിലാണ്. അതിനാൽ നാല് വർഷം പഴക്കമുള്ള അസ്ഥി ആരുടേതാണെന്ന സംശയം ഇപ്പോഴും തുടരുകയാണ്. ഈ സംശയം നീങ്ങാൻ ഡിഎൻഎ ഫലം ലഭ്യമാകേണ്ടതുണ്ട്. കേസിൽ കൂടുകൽ വിവരങ്ങൾക്കായി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *