പി.എം. ശ്രീയിൽ കേന്ദ്രത്തിന്റെ വിശദീകരണം; പദ്ധതിയിൽ നിന്ന് പിന്മാറാം, ആനുകൂല്യം മാത്രം നഷ്ടമാകുമെന്ന് മറുപടി

ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ കഴിയില്ലെന്ന വാദത്തിന് വിരുദ്ധമായ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ, മറ്റ് കേന്ദ്ര ഫണ്ടുകൾക്ക് തടസമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസകാര്യ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി.

മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്തതോ, ഒപ്പുവച്ചശേഷം പദ്ധതിയിൽ നിന്ന് പിന്മാറുന്നതോ ആയ സംസ്ഥാനങ്ങൾക്ക് പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും, എന്നാൽ മറ്റ് കേന്ദ്രസഹായങ്ങൾ തടയില്ലെന്നും മന്ത്രി അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പുവച്ചതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാട്. യുഡിഎഫ് യോഗത്തിന് ശേഷം കൺവീനർ അടൂർ പ്രകാശും ഇതേ വാദം ആവർത്തിച്ചിരുന്നു. 2025 ഒക്ടോബറിലാണ് കേരള സർക്കാർ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എസ്.എസ്.കെ. ഫണ്ട് ഉൾപ്പെടെയുള്ള കേന്ദ്രസഹായങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിലാണ് അന്നത്തെ ഇടത് സർക്കാർ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം നൽകിയിരുന്നത്.

രാജ്യസഭയിൽ എംപി ജെബി മേത്തർ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് മറുപടിയായി, കേരളം 2025 ഒക്ടോബർ 23-ന് ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും സംസ്ഥാന സർക്കാർ സ്കൂളുകളെ പി.എം. ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന നടപടികളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് ജയന്ത് ചൗധരി അറിയിച്ചു.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് ഇതുവരെ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 99.27 കോടി രൂപ കേന്ദ്രം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button