ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാമഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ പ്രധാന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. ബെംഗളുരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ഇടുങ്ങിയ വീട്ടിൽ നൂറോളം വോട്ടുകൾ എങ്ങനെ വന്നു, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി കാണിച്ച് എന്തിന് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ബാക്കിയാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് ബൂത്ത് തല ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും ചേർന്നാണെന്ന് കമ്മീഷൻ പറയുന്നു. പത്തര ലക്ഷത്തോളം പേരാണ് വോട്ടർ പട്ടിക തയ്യാറാക്കാനായി പ്രവർത്തിക്കുന്നത്. അവരിൽ ചിലർക്ക് പിഴവുകൾ സംഭവിക്കാം.
പരാതിയുണ്ടെങ്കിൽ ജില്ലാ വരണാധികാരികൾ അത് പരിഹരിക്കും. അതല്ലെങ്കിൽ പരാതി സംസ്ഥാന ഇലക്ട്രൽ ഓഫീസർക്ക് മുന്നിൽ ഉന്നയിച്ച് പരിഹരിക്കാം. അല്ലാതെ തെരുവിൽ ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്ന് രാഹുലിന് കമ്മീഷൻ മറുപടി നൽകി. അതേസമയം, തെളിവുകൾ നിരത്തി രാഹുൽ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാൻ പക്ഷെ, കമ്മീഷന്റെ ഒന്നര മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ ശ്രമം ഉണ്ടായില്ല. രാഹുൽ ഗാന്ധിയുടെ ആരോപണം പിഴവാണെന്നും വോട്ടറുടെ സ്വകാര്യത ലംഘിച്ച് അവരുടെ ചിത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും പറയുന്ന കമ്മീഷൻ അതിനെതിരെ നിയമനടപടിക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് വാർത്താ സമ്മേളനത്തിലുടനീളം കമ്മീഷൻ ശ്രമിച്ചത്. ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.