ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ ചുമത്തി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രകാരം കേസെടുത്തു. പൊലീസ് കേസിൽ പ്രതികളായ മുഴുവൻ 27 പേരെയും ഇഡി കേസിലും പ്രതികളാക്കി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ റെയ്‌ഡ് നടത്തിയ ശേഷം കാറിൽ മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
അന്വേഷണം നേരിടുന്നവരിൽ നിന്ന് പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. സംഭവത്തിലെ ഗൂഢാലോചനയും അന്വേഷണത്തിന്റെ പരിധിയിൽ വരും. ആക്രമണം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെ പങ്കും പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.
വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. വധശ്രമവും ഗൂഢാലോചനയും പിഎംഎൽഎയിലെ ഷെഡ്യൂൾഡ് ഒഫൻസുകളിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആറിൽ പ്രതിചേർത്തവരെ ഇഡിയും കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 27നാണ് പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ റെയ്‌ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതെന്നാണ് കേസ്. സംഭവത്തിൽ പൊലീസ് 27 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു.



