മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപണം ; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

റായ്‌പുർ : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജശ്പുര്‍ ജില്ലയിലെ കുങ്കരിയിലെ ഹോളി ക്രോസ് നഴ്സിങ് കോളേജിൽ പ്രിന്‍സിപ്പലായ കോട്ടയം സ്വദേശി സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഞായറാഴ്ച കേസെടുത്തത്. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിനാൽ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ക്യാമ്പസിൽ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും കാട്ടി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പരാതി നൽകിയത്.
അതേസമയം, ആരോപണം വ്യാജമാണെന്ന് സിസ്റ്റർ ബിൻസി ജോസഫ് പ്രതികരിച്ചു. 80 ശതമാനം ഹാജരുള്ളവരെയാണ് പരീക്ഷയെഴുതാൻ അനുവദിക്കുക. പരാതി നൽകിയ വിദ്യാർഥിനിക്ക് 32 ശതമാനം മാത്രമാണ് ഹാജര്‍. ഇതാണ് വ്യാജകേസിന് പിന്നിലെന്നും സിസ്റ്റര്‍ ബിൻസി പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് കത്തോലിക്കാ സഭ ജശ്പുര്‍ അധ്യക്ഷൻ അഭിനന്ദൻ സാൽക്സോ പറഞ്ഞു. സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമം വർധിച്ചുവരികയാണ്. 2024ൽ മാത്രം ക്രൈസ്തവര്‍ക്കെതിരെ 165 അതിക്രമ സംഭവങ്ങളുണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അറിയിച്ചു.