ബുള്ളറ്റ് ലേഡി’ എക്‌സൈസ് കരുതൽ തടങ്കലിൽ; ലഹരി വിൽപ്പനക്കേസിൽ സംസ്ഥാനത്ത് കരുതൽ തടങ്കലിലാവുന്ന ആദ്യ വനിത

കണ്ണൂര്‍: മയക്കുമരുന്ന് വില്‍പനയിലൂടെ കുപ്രസിദ്ധി നേടിയ കണ്ണൂര്‍ പയ്യന്നൂരിലെ ‘ബുള്ളറ്റ് ലേഡി’ എക്‌സൈസിന്റെ കരുതല്‍ തടങ്കലില്‍. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിഖില സിയെയാണ് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്‌സൈസ് ബാംഗ്ലൂര്‍ മടിവാളയില്‍ വെച്ചാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമപ്രകാരം സംസ്ഥാനത്ത് കരുതല്‍ തടങ്കലില്‍ ആകുന്ന ആദ്യത്തെ വനിതയാണ് നിഖില.
പിടികൂടുന്ന സമയത്ത് നിഖിലയുടെ കൂടെയുള്ളവര്‍ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കര്‍ക്കശ നിലപാട് എടുത്തതോടെയാണ് നിഖില കീഴടങ്ങിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്.
നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. 2023 ല്‍ രണ്ട് കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ സഞ്ചരിക്കുന്നതിനാലാണ് നിഖിലയെ ബുള്ളറ്റ് ലേഡി എന്ന് വിളിക്കുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരി മരുന്ന് വില്‍പനയിലേക്ക് നിഖില തിരിഞ്ഞതെന്നാണ് വിവരം.
‘