തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ വിമാനം പൊളിച്ചുകൊണ്ടുപോകാന്‍ നീക്കം

0

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35 യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം പൊളിച്ച് ഭാഗങ്ങളാക്കിയ ശേഷം കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനം ശരിയാക്കാന്‍ പലവഴികളൂടെ ശ്രമം നടത്തിയെങ്കിലും പരിഹാരം കണ്ടില്ല. ഇതോടെയാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോകാന്‍ നീക്കം നടക്കുന്നത്. ഇതിനായി സി 17 ഗ്ലോബ് മാസ്റ്റര്‍ എന്ന കൂറ്റന്‍ വിമാനം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടനില്‍ നിന്ന് എഞ്ചിനീയര്‍ സംഘം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഘം ഇതുവരെ എത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ മുപ്പതോളം വരുന്ന എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം തീരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. എഫ്-35 വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.

LEAVE A REPLY

Please enter your comment!
Please enter your name here