ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡുമായി ബെവ്‌കോ; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റായിരുന്നു.

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ ഇത്തവണ 6.40 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. തൊട്ട് താഴെ മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റാണ്. എടപ്പാള്‍ ഔട്ട്‌ലെറ്റില്‍ 6.19 കോടിയുടെ വില്‍പനയാണ് നടന്നത്. നാലാം സ്ഥാനത്ത് തിരുവനന്തപും പവര്‍ഹൗസിലെ ഔട്ട്‌ലെറ്റാണ്. 5.16 കോടിയുടെ മദ്യവില്‍പനയാണ് പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ നടന്നത്. അഞ്ചാം സ്ഥാനത്ത് തൃശൂര്‍ ചാലക്കുട്ടി ഔട്ട്‌ലെറ്റാണ്. ഇവിടെ 5.10 കോടിയുടെ വില്‍പനയാണ് നടന്നത്. കൊല്ലം കാവനാട് (5.02 കോടി), ഇരിങ്ങാലക്കുട (4.94 കോടി), ചങ്ങനാശ്ശേരി (4.72 കോടി), വര്‍ക്കല (4.63 കോടി), രാമനാട്ടുകര (4.61 കോടി), കോര്‍ട്ട് ജംഗ്ഷന്‍, ചേര്‍ത്തല (4.60 കോടി), പയ്യന്നൂര്‍ (4.51 കോടി), പെരിന്തല്‍മണ്ണ (4.46 കോടി), കുണ്ടറ (4.38 കോടി), പേരാമ്പ്ര (4.34 കോടി), പൊക്ലായി (4.31 കോടി), മഞ്ചേരി (4.30 കോടി), കായംകുളം (4.30 കോടി), മഞ്ഞപ്ര(4.19 കോടി), ബീനാച്ചി (4.17 കോടി), വടക്കാഞ്ചേരി (4.13 കോടി), കോഴിക്കോട് തണ്ണീര്‍പന്തല്‍ (4.11 കോടി), വളവനാട് (4.00 കോടി), കണ്ണൂര്‍ പാറക്കണ്ടി (3.99 കോടി), നോര്‍ത്ത് പറവൂര്‍ (3.93 കോടി) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. അത്തം മുതല്‍ അവിട്ടം വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതില്‍ സെപ്റ്റംബര്‍ ഒന്നിനും തിരുവോണ ദിവസവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാട ദിനം മിക്ക ഔട്ട്‌ലെറ്റുകളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഒന്‍പത് ദിവസംകൊണ്ട് ബെവ്‌കോ നേടിയത് 818.21 കോടി രൂപയായിരുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2023 ലെ ഓണക്കാലത്ത് ബെവ്‌കോയിലെ കളക്ഷന്‍ 809,25 കോടി രൂപയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *