ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; വിരലടയാളം നിർണായക തെളിവായി, 15 പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്‌ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളെ കുരുക്കി വിരലടയാളം. പതിനഞ്ചോളം പ്രതികളെ വിരലടയാളത്തിലൂടെ തിരിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട വാഹനങ്ങളിൽനിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽനിന്നുമാണ് വിരലടയാളം ശേഖരിച്ചത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള റെയ്‌ഡിനിടെ വൻ പ്രതിഷേധമാണ് എസ്‌എഫ്ഐ, സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നത്. പിണറായി വിജയന്റെ വീടുൾപ്പടെ കേരളത്തിലെ പത്തോളം ഇടങ്ങളിലാണ് ഇഡി റെയ്‌ഡ് നടന്നത്. ബംഗളൂരുവിൽ ആറിടങ്ങളിലും റെയ്‌ഡ് നടന്നിരുന്നു.
റെയ്‌ഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഉദ്യാഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് ഇ ഡി ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിരുന്നു. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്.



