തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിന്  ഉപകരണം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഉപകരണക്ഷാമം സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തല്‍ ശരി വെച്ച് ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊടിച്ചുകളയുന്ന ഉപകരണം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് കോടി രൂപയാണ് ഉപകരണത്തിന്റെ വില. നിലവില്‍ ഉപയോഗിക്കുന്ന ഇ എസ് ഡബ്ല്യു എല്‍ ഉപകരണം 13 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.

2023 മുതല്‍ ഉപകരണം കാലാവധി കഴിഞ്ഞെന്ന് ഹാരിസ് ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടു വര്‍ഷം വൈകിയാണ് ഉപകരണം വാങ്ങാന്‍ ഇപ്പോള്‍ ആരോഗ്യവകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.ഇതിനൊപ്പം റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിനു എംആര്‍ഐ മെഷീന്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള മെഷീന് 15 വര്‍ഷം പഴക്കമുണ്ട്. പുതിയ മെഷിന്‍ 8.15 കോടി രൂപ ചെലവില്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഹാരിസ് ഉന്നയിച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *