ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ

സംസ്ഥാനത്തിൻ്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ട് നിലവിലെ ഡിജിപി എസ് ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നതോടെ റവാഡ ചന്ദ്രശേഖർ സ്ഥാനമേൽക്കും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്‌ഥാന സർക്കാരിൻ്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു.

പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രാപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. 2026 ജൂലൈ അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.

ഡിഐജിയും ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ സ്പെഷൽ ഡയറക്‌ടറും ആയിരിക്കെ 2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. സിപിഎമ്മിൻ്റെ ചരിത്രത്തിലെ മറക്കാനാവാത്ത 1994 നവംബർ 25ലെ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനാണു അന്ന് കണ്ണൂർ എസ്പി ആയിരുന്നു റവാഡ ചന്ദ്രശേഖർ. അതിനാൽ തന്നെ യുപിഎസ്സിയുടെ പട്ടികയിൽ സ്ഥാനം പിടിച്ചെങ്കിലും സിപിഎം റവാഡയെ തിരഞ്ഞെടുക്കുമോ എന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ രണ്ടാഴ്ച‌ മുൻപ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖർ കൂടിക്കാഴ്ച‌ നടത്തിയിരുന്നു.

റവാഡ ചന്ദ്രശേഖർ ഹൈദരാബാദിൽ നിന്ന് സ്‌ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ പിറ്റേന്നാണ് കൂത്തുപറമ്പിൽ സംഘർഷം ഉണ്ടാകുന്നത്.സഹകരണ മന്ത്രിയായിരുന്ന എംവി രാഘവനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാൻ അന്ന് കണ്ണൂർ എസ്പിയായിരുന്ന റവാഡ ചന്ദ്രശേഖർ ആണ് ഉത്തരവിട്ടത്.
പൊലീസ് വെടിവയ്‌പിൽ അഞ്ചു ഡിവൈഎഫ്ഐക്കാർ കൊല്ലപ്പെട്ടു. പുഷ്പനുൾപ്പടെ ആറു പേർക്ക് പരുക്കേറ്റു. പിൻകഴുത്തിൽ വെടിയേറ്റ് സുഷുമ്നന നാഡി തകർന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്‌ടപ്പെട്ട പുഷ്‌പൻ കഴിഞ്ഞ സെപ്റ്റംബറിലാണ് അന്തരിച്ചത്.

കേസിൽ 2012 ലാണ് റവാഡ കുറ്റവിമുക്തനായത്. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊലീസുകാർക്ക് കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ൽ റവാഡയുൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കുകയായിരുന്നു. പ്രതികൾ വെടിവയ്ക്കാൻ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഐബിയിലെത്തിയതോടെ റവാഡയുടെ കരിയറിൽ മാറ്റങ്ങളുണ്ടായി. മുംബൈയിൽ അഡിഷനൽ ഡയറക്‌ടറായി തുടങ്ങിയ റവാഡ സ്പെഷൽ ഡയറക്‌ടറായി ഉയർന്നു. അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *