പരിശീലന പറക്കലിനിടെ വിമാനം തകർന്നു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം, ഡിജിസിഎ അന്വേഷണം തുടങ്ങി

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിയുടെ തീരത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കാൺപൂരിലെ ഗർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് രാവിലെ 11.30ഓടെയാണ് വിമാനം പറന്നുയർന്നത്. പരിശീലന പറക്കലിനുശേഷം ട്രെയിനിംഗ് സെന്ററിലേക്ക് തിരിച്ചുപറക്കുന്നതിനിടെയാണ് ഏകദേശം 11.50ഓടെ അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. ഇൻസ്ട്രക്ടർ പൈലറ്റിന് ഏകദേശം 3,000 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ അറിയിച്ചു.വിമാനം ഗംഗാനദിയുടെ തീരത്തിന് സമീപമുള്ള ഒരു വയലിലാണ് തകർന്നുവീണത്. അപകടത്തിൽ വിമാനം പൂർണമായും തകർന്നു.
വിമാനത്തിന്റെ ലോഹഭാഗങ്ങളും ചിറകുകളും മറ്റ് ഭാഗങ്ങളും പൂർണമായി തകർന്ന നിലയിലാണ് അപകടസ്ഥലത്ത് കണ്ടെത്തിയത്. വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അപകടത്തിൽ മരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. തകർന്ന വിമാനം 2023ലാണ് ട്രെയിനിംഗ് സെന്ററിലെത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടുപിടിക്കുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



