അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷിനും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. 25 ലക്ഷം രൂപയാണ് അടിയന്തര സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണ് ഇത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു.

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനഃർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നാണ് ടാറ്രാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്.

എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് “മെയ്‌ഡേ” സന്ദേശം കൈമാറിയിരുന്നു. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റൺവേ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *